കല്‍പ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല കേസുകളുടെ എണ്ണം കൂടുന്നു.വയനാട്ടിൽ ഏഴ് കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോളയാടി സ്കൂളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടിൽ മാത്രം രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനാറായി.
വ്യാഴാഴ്ച കൊല്ലത്ത് രണ്ടും തിരുവനന്തപുരത്ത് മൂന്നും കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഷിഗെല്ല കേസുകളിൽ ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത്. 114 പേര്‍ക്കാണ് ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്.
നിലവില്‍ 502 കുട്ടികളാണ് കോളിയാടിയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവില്‍ 47 പേര് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.
അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.